ഖുര്‍ആന്‍ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. എല്ലാവരും അതില്‍ സമാവകാശികളുമാണ്. അതിന്റെ ഉള്ളടക്കം നന്നായി മനസ്സിലാക്കി പാരായണം നടത്തുന്നവര്‍ പ്രപഞ്ച നാഥനുമായാണ് ബന്ധപ്പെടുന്നത്. അവന്‍ തന്നോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവിന്റെ സംബോധിതനാവുകയെന്ന മഹാഭാഗ്യം ലഭിക്കുന്നു. മുഴുലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിയുന്നതിനെക്കാള്‍ മഹത്തായ അനുഗ്രഹം മറ്റെന്തുണ്ട്?
വിശുദ്ധ ഖുര്‍ആന് ലോകത്തിലെ നിരവധി ഭാഷകളില്‍ അനേകം പരിഭാഷകളും വ്യാഖ്യാന ഗ്രന്ഥങ്ങളുമുണ്ട്. അവക്കെല്ലാം എന്തെങ്കിലുമൊക്കെ സവിശേഷതകളുമുണ്ടായിരിക്കും. എന്നാല്‍ ഇന്നോളം എഴുതപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനകൃതികളില്‍ ഖുര്‍ആന്റെ ഉള്ളടക്കവും അവയുടെ ആശയങ്ങളും താല്‍പര്യങ്ങളും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും തഫ് ഹീമുല്‍ ഖുര്‍ആന്‍ പോലെ സഹായകമായ മറ്റൊന്നില്ല. സാധാരണക്കാര്‍ക്കും അഭ്യസ്ഥ വിദ്യര്‍ക്കും പണ്ഡിതന്മാര്‍ക്കും പാമരര്‍ക്കും മുസ്ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഒരേ പോലെ ഉപകരിക്കുന്ന അതിവിശിഷ്ടമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണത്. ദൈവിക സന്ദേശം അനേക ലക്ഷങ്ങളിലേക്കെത്തിക്കാനും ദിവ്യവെളിച്ചത്തിലേക്ക് ആയിരങ്ങളെ ആനയിക്കാനും അതിനു സാധിച്ചിട്ടുണ്ട്.
1982 ഡിസംബറില്‍ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസിന്റ ചുമതല ഏറ്റെടുക്കുമ്പോള്‍ ഈ മഹദ്ഗ്രന്ഥത്തിന്റെ ആറുവാല്യങ്ങളില്‍ ഒന്നാമത്തേത് മാത്രമേ മലയാളത്തില്‍ വെളിച്ചം കണ്ടിരുന്നുള്ളൂ. അത് 1972 ഡിസംബറിലായിരുന്നു പ്രസിദ്ധീകൃതമായത്. ബാക്കിയുള്ള അഞ്ചുവാല്യങ്ങളും വൈകാതെ പുറത്തിറക്കണമെന്നാഗ്രഹിച്ചുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം രണ്ടാം വാല്യം പുറത്തിറങ്ങിയത് പിന്നെയും എട്ട് കൊല്ലം കഴിഞ്ഞ് 1990 ഡിസംബറിലാണ്. സാങ്കേതിക തടസ്സം നീങ്ങിക്കിട്ടിയതിനാല്‍ തുടര്‍ വാല്യങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. ഓരോ വാല്യം പുറത്തിറങ്ങുമ്പോഴും വായനക്കാരില്‍നിന്ന് കിട്ടിക്കൊണ്ടിരുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും അടുത്ത വാല്യം തയാറാക്കാനുള്ള പ്രേരണയും പ്രോത്സാഹനവും മാത്രമല്ല; സമ്മര്‍ദം കൂടിയാവുകയായിരുന്നു. പരിഭാഷ നിര്‍വഹിച്ച എന്റെ പ്രിയ സുഹൃത്തും പണ്ഡിതനും എഴുത്തുകാരനുമായ ടി.കെ ഉബൈദ് സാഹിബ് കഠിനാധ്വാനത്തിലൂടെ പൂര്‍ണമായും സഹകരിച്ചു. അതിനാല്‍ 1998 ഫെബ്രുവരിയോടെ തഫ് ഹീമുല്‍ ഖുര്‍ആന്റെ ആറുവാല്യങ്ങളും കൈരളിക്കു സമര്‍പ്പിക്കാന്‍ കഴിഞ്ഞു, വായനാലോകം വര്‍ധിത താല്‍പര്യത്തോടെയാണ് അവയെ സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ വായനക്കാര്‍ അവയെ കൈയേല്‍ക്കുകയായിരുന്നില്ല; നെഞ്ചേറ്റുകയായിരുന്നു.
പിന്നീട് ധര്‍മധാരയുടെ ചുമതല വഹിക്കേണ്ടി വന്നപ്പോള്‍ തഫ് ഹീമുല്‍ ഖുര്‍ആന്റെ കംപ്യൂട്ടര്‍ പതിപ്പു വേണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയര്‍ന്നു. വി.കെ അബ്ദുവും കെ.എ.നാസറും അതിന്റെ നിര്‍മാണത്തിന്റെ സാങ്കേതിക വശം ഏറ്റെടുക്കാന്‍ ധൈര്യപ്പെടുകയും സുഊദി അറേബ്യ കെ.ഐ.ജി പ്രസിഡന്റ് കെ.എം ബഷീര്‍ മറ്റു സഹായ സഹകരണങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തതോടെ സാഹസികമായ ആ മഹദ് സംരംഭം പ്രായോഗികമാക്കാമെന്നായി. ശാന്തപുരം അല്‍ ജാമിഅ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുകയും ഒന്നേകാല്‍ കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കുകയും ചെയ്തു. പ്രിന്റ് എഡിഷനിലില്ലാത്ത അധിക സൌകര്യങ്ങള്‍ കംപ്യൂട്ടര്‍ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കും പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കും കംപ്യൂട്ടര്‍ എഡിഷന്‍ ഏറെ പ്രയോജനപ്പെടുന്നു.
കംപ്യൂട്ടര്‍ പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് ഓണ്‍ലൈന്‍ എഡിഷനെ സംബന്ധിച്ച് ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രേരകമായത്. കെ.എ. നാസറും കെ.ടി ഹനീഫയും സഹായം വാഗ്ദാനം ചെയ്യുകയും ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ കഴിഞ്ഞ ഏപ്രിലില്‍ ഓണ്‍ലൈന്‍ എഡിഷന്റെ ജോലികളാരംഭിച്ചു. കംപ്യൂട്ടര്‍ പതിപ്പിലില്ലാത്ത ചിലതുകൂടി ഓണ്‍ലൈന്‍ എഡിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇനി മുതല്‍ ഇന്റര്‍നെറ്റ് സൌകര്യമുള്ള ഏതൊരാള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും തഫ്ഹീമുല്‍ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും റഫറന്‍സിനും അനായാസം ഉപയോഗപ്പെടുത്താം. ഇവ്വിധം തഫ്ഹീമുല്‍ ഖുര്‍ആനെ ജനകീയമാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്കുള്ള അനല്‍പമായ സന്തോഷം രേഖപ്പെടുത്തുന്നതോടൊപ്പം ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും അല്ലാഹു അതിമഹത്തായ പ്രതിഫലം നല്‍കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.


ശൈഖ് മുഹമ്മദ് കാരകുന്ന്
ഡയറക്ടര്‍
തഫ് ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്ട്


E mail:smkarakunnu@gmail.com

15.3.2010