വിശ്വപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും അനുഗൃഹീത തൂലികാകാരനുമായ മൌലാനാ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ മഹത്തായ സംഭാവനകളിലൊന്നാണല്ലോ തഫ് ഹീമുല്‍ ഖുര്‍ആന്‍. വീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും മൌദൂദിയോട് വിയോജിപ്പ് പുലര്‍ത്തുന്ന ഇസ്ലാമിക പണ്ഡിതന്‍മാര്‍പോലും തഫ്ഹീമുല്‍ ഖുര്‍ആനിനെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വചനങ്ങളുടെ അര്‍ത്ഥവും അതിലെ തത്വങ്ങളും വിധിവിലക്കുകളും സാധാരണക്കാരായ വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുംവിധം ലളിത ശൈലിയാണ് തഫ് ഹീമുല്‍ ഖുര്‍ആനിന്റേത്. ഖുര്‍ആനിനെ ആധുനിക കാലവുമായി ചേര്‍ത്തു പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവലംബമാക്കാന്‍ കഴിയുന്ന ആധികാരികമായ വ്യാഖ്യാനമാണ് ആറു വാല്യങ്ങളുള്ള ബൃഹത്തായ ഈ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം. ഉറുദുവില്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇംഗ്ളീഷ്, അറബി തുടങ്ങിയ ഭാഷകളില്‍ വിവര്‍ത്തനം വന്നു തുടങ്ങിയിരുന്നു. 1972 ല്‍ തഫ് ഹീമിന്റെ ഒന്നാം വാല്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇപ്പോള്‍ 6 വാല്യങ്ങളും മലയാളത്തില്‍ ലഭ്യമായത് ശ്രദ്ധയി ലുണ്ടാവുമല്ലോ. മലയാള വിവര്‍ത്തനമെന്ന മഹത്തായ സംരംഭത്തിന് നേതൃത്വം നല്‍കിയത് മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസാണ്.
അറിവിന്റെ ചക്രവാളം വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുടെ അനന്ത സാധ്യതകള്‍ വിസ്മയാവഹമായ ഒരു ലോകത്തേയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. വിജ്ഞാനം വിരല്‍ തുമ്പിലാവുകയും ആവശ്യമുള്ളത് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ക്രീനില്‍ തെളിയുകയും ചെയ്യുന്നത്, അറിവ് ആര്‍ജിക്കല്‍ അനായാസകരമാക്കിയിരിക്കുകയാണ്. തിരക്കുപിടിച്ച ഈ ലോകത്ത് നമ്മുടെ ഭാവി തലമുറയുടെ പ്രധാന വിവരശേഖരണ മാധ്യമങ്ങള്‍ ഇത്തരം പുതിയ രീതികളാകാനെ തരമുള്ളൂ. മനുഷ്യസമൂഹത്തിന് ഗുണകരമാകുന്ന എല്ലാ പുതിയ സാധ്യതകളെയും ഉള്‍ക്കൊള്ളുന്നതിലും ഇസ്ലാമിക പ്രബോധനത്തിന് അവയെ ഉപയോഗപ്പെടുത്തുന്നതിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ബദ്ധശ്രദ്ധരാണ്. നൂതനമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ഇസ്ലാമിക സംഘടനകളുടെ മുന്നില്‍ നടന്നിട്ടുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
തഫ് ഹീമുല്‍ ഖുര്‍ആനിനെ കൂടുതല്‍ ജനങ്ങളുടെ കൈകളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അതിന്റെ കമ്പ്യൂട്ടര്‍ പതിപ്പ് 2008 ല്‍ ധര്‍മധാര പുറത്തിറക്കിയത്. ഖുര്‍ആന്‍ പഠനം അനായാസകരമാക്കുവാനുതകുന്ന ഒട്ടേറെ സംവിധാനങ്ങളും സൌകര്യങ്ങളും ഒരുക്കിയാണ് കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങിയത്.
തഫ് ഹീമുല്‍ ഖുര്‍ആനിന്റെ സമ്പൂര്‍ണ ഓണ്‍ലൈന്‍ എഡിഷന്‍ കൂടി ലോകമലയാളികള്‍ക്ക് ഇപ്പോള്‍ ലഭ്യമായിരിക്കയാണ്. വിദ്യാര്‍ത്ഥികള്‍ പണ്ഡിതന്‍മാര്‍
ഗവേഷകര്‍ പ്രഭാഷകര്‍ ഖത്തീബുമാര്‍ തുടങ്ങി സാധാരണക്കാര്‍ക്ക് വരെ ഇത് അത്യധികം പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. തഫ് ഹീമുല്‍ ഖുര്‍ആനിന്റെ പ്രിന്റ്എഡിഷന്‍, കമ്പ്യൂട്ടര്‍ പതിപ്പ്, വെബ് എഡിഷന്‍ എന്നീ മൂന്ന് സംരംഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്റെ പ്രചാരണത്തിന് വേണ്ടിയുള്ള
നമ്മുടെ എല്ലാവിധ പരിശ്രമങ്ങളും ഇഹലോകത്ത് ഫലപ്രദവും പരലോകത്ത് പ്രതിഫലാര്‍ഹവുമായിത്തീരുവാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍.
ടി. ആരിഫലി
അമീര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള |