|
ഞാനെന്റെ ഹൃദയത്തിന്റെ അകക്കാമ്പുകൊണ്ട് അത്യുന്നതനായ അല്ലാഹുവിന്ന് നന്ദി രേഖപ്പെടുത്തുന്നു; ഹിജ്‌റാബ്ദം 1361 മുഹര്‍റം മാസത്തില്‍ (1942 ഫെബ്രുവരി) ഞാന്‍ ആരംഭിച്ച, തഫ്ഹീമുല്‍ഖുര്‍ആന്‍ എഴുതുക എന്ന അതിക്ലിഷ്ടമായ സംരംഭം 30 വര്‍ഷവും 4 മാസവും പിന്നിട്ടശേഷം ഇന്നിതാ പരിസമാപ്തിയിലെത്തിയിരിക്കുകയാണ്. പരിശുദ്ധമായ ദൈവിക ഗ്രന്ഥത്തിന്ന് ഇങ്ങനെയൊരു സേവനമര്‍പ്പിക്കുവാന്‍ തന്റെ നിസ്സാരനായ ഒരു ദാസന്നു ഉതവിയരുളിയത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും ഔദാര്യവുംതന്നെയാകുന്നു. ഈ ഗ്രന്ഥാവലിയില്‍ സത്യമായി എന്തുണ്ടോ അതൊക്കെയും പടച്ചതമ്പുരാന്‍ അരുളിയ വെളിച്ചത്താലും മാര്‍ഗദര്‍ശനത്താലും ഉണ്ടായിട്ടുള്ളതാണ്. ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും എനിക്ക് വല്ലേടത്തും അബദ്ധം പിണഞ്ഞിട്ടുണ്ടെങ്കില്‍ ആയത് എന്റെ അറിവിന്റെയും ഗ്രാഹ്യതയുടെയും കുറ്റമാകുന്നു. എന്നാല്‍-അല്‍ഹംദുലില്ലാഹ്-ഞ്ഞാന്‍ അറിഞ്ഞുകൊണ്ട് ഒരബദ്ധവും വരുത്തിയിട്ടില്ല. അറിയാതെ വല്ല അബദ്ധവും വന്നുപോയിട്ടുണ്ടെങ്കില്‍, ഞാന്‍ അല്ലാഹുവിന്റെ ദയാദാക്ഷിണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്; അതവനെനിക്കു പൊറുത്തുതരുമെന്ന്. എന്റെ ഈ പരിശ്രമം അവന്റെ ദാസന്മാരുടെ സന്മാര്‍ഗപ്രാപ്തിക്ക് വല്ലവിധേനയും സഹായകമായിട്ടുണ്ടെങ്കില്‍ അത് എന്റെ പാപമുക്തിക്കുള്ള മാധ്യമമാക്കേണമേ എന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പണ്ഡിതലോകത്തോടും എനിക്കൊരപേക്ഷയുണ്ട്: എന്റെ അബദ്ധങ്ങള്‍ അവരെന്നെ ഉണര്‍ത്തുമാറാകണം. തെറ്റാണെന്നു തെളിവുസഹിതം എനിക്ക് ബോധ്യപ്പെടുത്തിത്തരുന്ന ഏത് കാര്യവും-ഇന്‍ശാ അല്ലാഹ്-ഞ്ഞാന്‍ തിരുത്തുന്നതാണ്. അല്ലാഹുവിന്റെ വേദത്തില്‍ അറിഞ്ഞുകൊണ്ട് തെറ്റുവരുത്തുകയോ തെറ്റില്‍ ശഠിച്ചുനില്‍ക്കുകയോ ചെയ്യുന്നതില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു.
ഈ ഗ്രന്ഥാവലിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ, ഞാനിതില്‍ ശ്രമിച്ചിട്ടുള്ളത്, വിശുദ്ധ ഖുര്‍ആന്‍ ഞാന്‍ എപ്രകാരം മനസ്സിലാക്കിയോ അതേപ്രകാരം അക്ഷരജ്ഞാനമുള്ള സാധാരണക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കാനാണ്. അവര്‍ക്ക് ഖുര്‍ആനിന്റെ ആത്മാവ് കണ്ടെത്താന്‍ കഴിയുമാറ് അതിന്റെ ആശയങ്ങളും താല്‍പര്യങ്ങളും തുറന്നു വിശദീകരിക്കുക, ഖുര്‍ആന്‍ അല്ലെങ്കില്‍ അതിന്റെ കേവല തര്‍ജമ വായിക്കുമ്പോള്‍ മനസ്സിലുണരുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുക, ഖുര്‍ആനില്‍ സംക്ഷിപ്തമായും സംഗ്രഹിതമായും പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ അപഗ്രഥിച്ചു വിശദമാക്കുക- ഇതായിരുന്നു എന്റെ ലക്ഷ്യം. കൂടുതല്‍ വിശദീകരിക്കുക തുടക്കത്തില്‍ എന്റെ ലക്ഷ്യമായിരുന്നില്ല. അതുകൊണ്ട് ആദ്യവാള്യങ്ങളിലെ വ്യാഖ്യാനക്കുറിപ്പുകള്‍ സംക്ഷിപ്തമാണ്. പിന്നീട് മുന്നോട്ട് പോകുന്തോറും കൂടുതല്‍ വ്യാഖ്യാനവൈശദ്യത്തിന്റെ ആവശ്യകത അനുഭവപ്പെട്ടുകൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അവസാന വാള്യങ്ങള്‍ കാണുന്നവര്‍ക്ക് ഇപ്പോള്‍ ആദ്യവാള്യങ്ങള്‍ ശുഷ്കമാണെന്നു തോന്നാന്‍ തുടങ്ങിയിരിക്കുന്നു. എങ്കിലും ഒരിടത്ത് ശുഷ്കമായി വ്യാഖ്യാനിക്കപ്പെട്ട വിഷയങ്ങള്‍ പിന്നീട് മറ്റു സൂറകളിലും വരുന്നതിനാല്‍ ശേഷമുള്ള സൂറകളുടെ വ്യാഖ്യാനത്തില്‍ അവ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും ഖുര്‍ആനില്‍ വിഷയങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രയോജനങ്ങളിലൊന്നാകുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ സഹായത്തോടെ വിശുദ്ധ ഖുര്‍ആന്‍ ഒരുവട്ടം വായിച്ചു മതിയാക്കാതെ ഗ്രന്ഥാവലി മുഴുവന്‍ വീണ്ടും വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ആദ്യ സൂറകള്‍ മനസ്സിലാക്കാന്‍, അവസാന സൂറകളുടെ വ്യാഖ്യാനം മതിയായ ഗൈഡായി അനുഭവപ്പെടുമെന്നാണെന്റെ പ്രതീക്ഷ.
അബുല്‍ അഅലാ
ലാഹോര്‍
ഹി. 24 റബീഉല്‍ ആഖര്‍ 1392
(ക്രി. 7 ജൂണ്‍ 1972)
|