തഫ്ഹീമുല്‍ ഖുര്‍ആന്‍
തര്‍ജമയുടെ ചരിത്രം

-------------&-------------

ഇസ്ലാമിക പ്രസിദ്ധീകരണ രംഗത്ത് ഭാഷയിലും ഉള്ളടക്കത്തിലും ഒട്ടേറെ പുതുമകളോടുകൂടിയാണ് 1941-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ മലയാള ജിഹ്വയായ പ്രബോധനം പാക്ഷികം പുറത്തിറങ്ങിത്തുടങ്ങിയത്. പ്രബോധനത്തില്‍ ഒരു ഖുര്‍ആന്‍ പഠനപംക്തി ഉള്‍പ്പെടുത്തണമെന്ന് ആരംഭം മുതലേ അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നു. അന്ന് പ്രബോധനത്തിന്റെ പത്രാധിപന്മാരും എഴുത്തുകാരും ജമാഅത്തെ ഇസ്ലാമിയുടെ ഭാരവാഹികളും ഫീല്‍ഡ് പ്രവര്‍ത്തകരും എല്ലാം ഒരു കൂട്ടര്‍ തന്നെയായിരുന്നതിനാല്‍ പ്രബോധനത്തില്‍ സ്ഥിരം ഖുര്‍ആന്‍ പഠനപംക്തി എന്ന ഭാരിച്ച ദൌത്യം ഏറ്റെടുക്കാന്‍ അവരിലാര്‍ക്കും സൌകര്യപ്പെട്ടില്ല. പ്രബോധനം പ്രസിദ്ധീകരണമാരംഭിച്ച് ഏറെ കഴിയും മുമ്പേ വായനക്കാരും ഈ ആവശ്യം ശക്തിയായി ഉന്നയിച്ചു തുടങ്ങിയിരുന്നു. ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരെ അസൌകര്യങ്ങള്‍ പറഞ്ഞ് നിരാശപ്പെടുത്തിക്കൂടാ എന്ന് പത്രാധിപന്മാര്‍ തീരുമാനിച്ചു. കൂലങ്കുഷമായ പരിഹാരചിന്തയില്‍ അവരുടെ മനസ്സിലുദിച്ച ആശയമാണ്, മലയാള ഭാഷയില്‍ സ്വന്തമായി ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും തയാറാക്കാന്‍ സൌകര്യപ്പെടുന്നതുവരെ കാത്തുനില്‍ക്കാതെ, മൌലാനാ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഉറുദു തഫ്സീറായ തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രബോധനത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുക എന്നത്. അങ്ങനെ 1957 ജനുവരി 1 (വാള്യം 11 ലക്കം 9) മുതല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം തര്‍ജമ പ്രബോധനത്തിന്റെ താളുകളില്‍ പ്രകാശിച്ചു തുടങ്ങി.
മലയാളത്തിലെ ഇസ്ലാമിക സാഹിത്യ നഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന ഉജ്ജ്വല നക്ഷത്രം തന്നെയായിരുന്നു പ്രബോധനത്തിന്റെ താളുകളില്‍ പ്രകാശിതമായ തഫ്ഹീം പംക്തി. ഇസ്ലാമിക സാഹിത്യങ്ങള്‍ അപൂര്‍വമായിരുന്ന അക്കാലത്ത് സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷകളൊന്നും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. സി.എന്‍ അഹ്മദ് മൌലവി 1951-ല്‍ ഖുര്‍ആന്‍ പരിഭാഷ തുടങ്ങിയിരുന്നുവെങ്കിലും 1963 ലാണത് പൂര്‍ത്തിയായത്. കെ. ഉമര്‍ മൌലവി 1959-ല്‍ പ്രസിദ്ധം ചെയ്ത ഖുര്‍ആന്‍ പരിഭാഷ അറബി-മലയാള ലിപിയിലായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ദേശഭാഷകളിലേക്ക് തര്‍ജമ ചെയ്യാനേ പാടില്ല എന്നായിരുന്നു മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തെ നയിച്ചിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാരുടെ ഫത് വ. വിശ്വാസികള്‍ പുണ്യത്തിനുവേണ്ടി ഉരുവിടാന്‍ മാത്രമുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍. അതിന്റെ അര്‍ഥം അറിയേണ്ടതില്ല. സാധാരണക്കാരന്‍ അതറിയാന്‍ പാടില്ലതാനും. ഇങ്ങനെയൊരു സങ്കല്‍പമാണ് പണ്ഡിതന്മാര്‍ ഖുര്‍ആനിനെക്കുറിച്ച് സാമാന്യ ജനങ്ങളില്‍ വളര്‍ത്തിയെടുത്തിരുന്നത്. ഈ സാഹചര്യത്തില്‍ ശുദ്ധ മലയാളത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന തഫ്ഹീമിന്റെ പ്രബോധനത്തിലൂടെയുള്ള രംഗപ്രവേശം വമ്പിച്ച വിമര്‍ശനങ്ങളുയര്‍ത്തുക സ്വാഭാവികമായിരുന്നു. പരിഭാഷ നിഷിദ്ധം എന്നതിനുപുറമെ, പത്രത്താളുകളില്‍ പ്രസിദ്ധപ്പെടുത്തുകവഴി അശുദ്ധരും അമുസ്ലിംകളും സ്പര്‍ശിക്കാനവസരം സൃഷ്ടിച്ചുകൊണ്ട് ഖുര്‍ആനിനെ അക്ഷന്തവ്യമായ രീതിയില്‍ അനാദരിക്കുന്നുവെന്നും പ്രചണ്ഡമായി ആക്ഷേപിക്കപ്പെട്ടു.
പക്ഷേ, പ്രബോധനത്തിന്റെ താളുകളെ അലങ്കരിക്കുന്ന തഫ്ഹീമിന്റെ താരത്തിളക്കം ജിജ്ഞാസുക്കളായ വായനക്കാരെ ആകര്‍ഷിക്കുകതന്നെ ചെയ്തു. ഖുര്‍ആനെക്കുറിച്ച് അവര്‍ പുലര്‍ത്തിപ്പോന്ന സങ്കല്‍പത്തില്‍ അത് വമ്പിച്ച വിപ്ളവം സൃഷ്ടിച്ചു. ഖുര്‍ആന്‍ പുണ്യത്തിനുവേണ്ടി ഓതാന്‍ എന്നതിലേറെ വായിച്ചുല്‍ബുദ്ധമാകാനുള്ളതാണെന്നും ഖുര്‍ആനില്‍ മനുഷ്യര്‍ക്ക്- വിശ്വാസികള്‍ക്ക് വിശേഷിച്ചും- പഠിക്കാനും പകര്‍ത്താനും ഏറെയുണ്ടെന്നും ഉള്ള യാഥാര്‍ഥ്യത്തിലേക്ക് സാമാന്യജനം ഉണര്‍ന്നു തുടങ്ങി. കേരളത്തിലങ്ങിങ്ങ് രൂപംകൊണ്ട ഇസ്ലാമിക് സ്റഡിസെന്ററുകളിലെ മുഖ്യപഠന വിഷയം ഖുര്‍ആനായി. പ്രബോധനത്തിന്റെ തഫ്ഹീം പേജുകള്‍ അവയുടെ പാഠപുസ്തകവുമായി. വായനക്കാരില്‍നിന്നുണ്ടായ ആവേശകരമായ ഈ പ്രതികരണം, പ്രബോധനത്തില്‍ ഒരു കാരണവശാലും തഫ്ഹീം പംക്തി മുടങ്ങിപ്പോകാതിരിക്കാന്‍ പത്രാധിപന്മാരെ പ്രതിജ്ഞാബദ്ധരാക്കി. 1998 ഡിസംബര്‍ 12-ന് (വാള്യം 55 ലക്കം 27) ഖുര്‍ആനിലെ അവസാന സൂറ (അന്നാസ്) യുടെ അവസാന സൂക്തത്തിന്റെ വ്യാഖ്യാനവും പ്രസിദ്ധീകരിക്കുന്നതുവരെ അതു പാലിക്കപ്പെടുകയും ചെയ്തു.
വേദസാരം കാലികമായ ഭാഷയിലാക്കി സാമാന്യജനത്തിന്റെ സംവേദനപരിധിയിലേക്കുകൊണ്ടുവന്നു എന്നതാണ് തഫ്ഹീം പ്രസിദ്ധീകരണത്തിന്റെ ഏറ്റവും വലിയനേട്ടം. ജമാഅത്തെ ഇസ്ലാമിയെയും തഫ്ഹീമിന്റെ രചയിതാവായ മൌലാനാ മൌദൂദിയെയും എതിര്‍ക്കുന്നവര്‍പോലും തഫ്ഹീമുല്‍ ഖുര്‍ആന്‍ താല്‍പര്യപൂര്‍വം വായിക്കുന്നതതുകൊണ്ടാണ്. തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളത്തിലെ ഏറ്റം പ്രചാരമുള്ള ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായതും അതുകൊണ്ടുതന്നെ. സാധാരണക്കാരെ ഖുര്‍ആനിനോടടുപ്പിക്കുന്നതോടൊപ്പം തഫ്ഹീം പ്രബോധന താല്‍പര്യവും ഭാഷാപരിചയവുമുള്ള പണ്ഡിതന്മാര്‍ക്ക് ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ പ്രചോദനവും പ്രോത്സാഹനവുമാവുകയുമുണ്ടായി. തഫ്ഹീം ഉള്‍പ്പെടെയുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ ജനപ്രിയത യാഥാസ്ഥിതികരെ അമ്പരപ്പിച്ചു കളഞ്ഞു. ആളുകളുടെ അറിയാനുള്ള ഔത്സുക്യത്തെ അണകെട്ടി നിര്‍ത്താന്‍ അവര്‍ക്കായില്ല. അതിന്റെ കുത്തൊഴുക്കില്‍ ഖുര്‍ആന്‍ പരിഭാഷക്കെതിരെ അവരുയര്‍ത്തിയ ഹറാം ഫത്വകളൊക്കെയും ഒലിച്ചുപോയി. അവര്‍തന്നെ ഖുര്‍ആന്‍ പരിഭാഷയില്‍ മറ്റുള്ളവരോടു മത്സരിക്കുന്ന കാഴ്ചയാണ് ഒടുവില്‍ കാണാന്‍ കഴിഞ്ഞത്.
1957 മുതല്‍ പ്രബോധനം ദ്വൈവാരികയില്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചുവന്ന തഫ്ഹീമുല്‍ ഖുര്‍ആന്‍ 1964-ല്‍ ദ്വൈവാരിക വാരികയായി വികസിക്കുകയും പ്രബോധനം മാസിക പുതുതായി തുടങ്ങുകയും ചെയ്തപ്പോള്‍ മാസികയിലേക്കു മാറ്റി. '87-ല്‍ മാസിക പ്രസിദ്ധീകരണം നിര്‍ത്തി. അന്നുമുതല്‍ 1998 ഡിസംബര്‍ 12-ന് അവസാനിക്കും വരെ തഫ്ഹീം പ്രബോധനം വാരികയിലെ സ്ഥിരം പംക്തിയായി തുടരുകയായിരുന്നു.
തഫ്ഹീമുല്‍ ഖുര്‍ആന്റെ തര്‍ജമ തയാറാക്കിക്കൊണ്ടിരുന്നത് പ്രബോധനം പത്രാധിപ സമിതിയംഗങ്ങളാണ്. തഫ്ഹീം ആരംഭിച്ച കാലത്ത് പ്രബോധനം പത്രാധിപര്‍ വി.പി മുഹമ്മദലി ഹാജിസാഹിബായിരുന്നു. പിന്നീട് ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ് തുടങ്ങിയവര്‍ പത്രാധിപന്മാരായി. 1975 വരെയുള്ള കാലയളവില്‍ പി. മുഹമ്മദ് അബുല്‍ ജലാല്‍ മൌലവി, അബ്ദുല്ലാ ഹസന്‍ എന്നിവരും പ്രബോധനം പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് തഫ്ഹീമിന്റെ ഒന്നും രണ്ടും വാള്യങ്ങള്‍ പ്രബോധനത്തില്‍ പ്രസിദ്ധീകൃതമായത്. ഇവരില്‍ ആരൊക്കെ തഫ്ഹീമിന്റെ ഏതൊക്കെ ഭാഗങ്ങള്‍ തര്‍ജമ ചെയ്തു എന്ന് കൃത്യമായി പറയാനാവില്ല.
1975 ജൂലൈ മുതല്‍ ഇന്ത്യയില്‍ നടപ്പിലായ അടിയന്തരാവസ്ഥയെത്തുടര്‍ന്ന് പ്രബോധനം നിരോധിക്കപ്പെട്ടു. '77 ജുലൈയിലാണ് പിന്നീട് മാസിക പുനരാരംഭിച്ചത്. '93-'94 കാലത്ത് പ്രബോധനം വാരിക നിരോധിക്കപ്പെട്ടപ്പോള്‍ പകരം പ്രസിദ്ധീകരിച്ച ബോധനം വാരികയില്‍ 'ഖുര്‍ആന്‍ ബോധനം' എന്ന ശീര്‍ഷകത്തില്‍ തഫ്ഹീം പംക്തി തുടര്‍ന്നിട്ടുണ്ട്. മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ തന്നെ 1970-കളില്‍ തഫ്ഹീമില്‍നിന്ന് തെരഞ്ഞെടുത്ത ചില ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ 'ഖുര്‍ആന്‍ പഠനം' എന്ന ശീര്‍ഷകത്തില്‍ ഇടക്കിടെ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. തഫ്ഹീം മൂന്നാം വാള്യത്തിലെ ആദ്യ സൂറയായ 'അല്‍ കഹ്ഫ്' ടി.കെ അബ്ദുല്ലാ സാഹിബ് തര്‍ജമ ചെയ്ത് 1976-ല്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. '77-ല്‍ പ്രബോധനം മാസിക പുനരാരംഭിച്ചപ്പോള്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ ത്വാഹ മുതലാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 77 മുതല്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ അവസാനം വരെ (4 വാള്യം) പ്രബോധനത്തിനുവേണ്ടി തര്‍ജമ ചെയ്തത് ടി.കെ ഉബൈദാണ്.
1972 ജൂണിലാണ് മൌലാനാ മൌദൂദി സാഹിബ് ഉറുദു ഭാഷയില്‍ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ രചന പൂര്‍ത്തിയാക്കിയത്. അക്കൊല്ലം ഡിസംബറില്‍ തന്നെ അതിന്റെ ഒന്നാം വാള്യത്തിന്റെ മലയാള പരിഭാഷ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസിനു സാധിച്ചു. 1990-ലാണ് രണ്ടാം വാള്യം പ്രസിദ്ധീകരിച്ചത്. 91-ല്‍ മൂന്നാം വാള്യവും 93-ല്‍ നാലാം വാള്യവും 97-ല്‍ അഞ്ചാം വാള്യവും 98-ല്‍ ആറാം വാള്യവും പുറത്തുവന്നു. വായനക്കാരുടെ സമ്മര്‍ദ്ദം മാനിച്ചു പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു തീരുന്നതിനു ഏതാണ്ട് ഒരു വര്‍ഷം മുമ്പ് 1998 ഫെബ്രുവരിയില്‍തന്നെ ആറാം വാള്യം പുറത്തിറക്കുകയുണ്ടായി.
ഇതിനിടെ മൂന്നാം വാള്യത്തില്‍ ഉള്‍പ്പെട്ട സൂറ അല്‍ കഹ്ഫിനു പുറമെ രണ്ടാം വാള്യത്തില്‍ ഉള്‍പ്പെട്ട സൂറ അല്‍ അഅ്റാഫ് ഒരു പുസ്തകമായി 1981-ലും അന്‍ഫാല്‍, തൌബ സൂറകള്‍ മറ്റൊരു പുസ്തകമായി 1983-ലും പുറത്തുവന്നിരുന്നു. പ്രബോധനത്തില്‍ വന്ന തര്‍ജമ ടി.കെ അബ്ദുല്ല സാഹിബും ടി. ഇസ്ഹാഖലി മൌലവിയും ചേര്‍ന്ന് സൂക്ഷ്മമായി സംശോധന ചെയ്ത ശേഷമാണ് ഒന്നും രണ്ടും വാള്യങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചത്. അഅ്റാഫ്, അന്‍ഫാല്‍, തൌബ സൂറകള്‍ പുസ്തകങ്ങളായി തയാറാക്കിയതും ഈ രണ്ടു പേരാണ്. ഇതിലെ ഖുര്‍ആന്‍ സൂക്തങ്ങളുടെ തര്‍ജമ ആദ്യപതിപ്പുകളില്‍ അവരുടേത് തന്നെയായിരുന്നു. 1988നുശേഷം ഇറങ്ങിയ തഫ് ഹീം പതിപ്പുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥം ഖുര്‍ആന്‍ ഭാഷ്യത്തില്‍നിന്ന് എടുത്തുചേര്‍ത്തിട്ടുള്ളതാണ്.
മൂന്ന്, നാല് വാള്യങ്ങളില്‍ ഉള്‍പ്പെട്ട സൂറ അന്നൂറിനും സൂറ യാസീനിനും വി.കെ അലി സാഹിബ് തയാറാക്കിയ തര്‍ജമകള്‍ യഥാക്രമം 1973-ലും 1978-ലും പുസ്തകങ്ങളായി പുറത്തുവന്നു. അഞ്ചാം വാള്യത്തില്‍ ഉള്‍പ്പെട്ട സൂറ അല്‍ ഹുജുറാത്തിന് കെ.കെ സുഹ്റ തയാറാക്കിയ തര്‍ജമ 1992-ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. 1984-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ മുഖവുരമാത്രം 'ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര' എന്ന പേരില്‍ ഒരു പുസ്തകമായി ഐ.പി.എച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകങ്ങളെല്ലാം അനേകം പതിപ്പുകളായി പതിനായിരക്കണക്കില്‍ കോപ്പികള്‍ കേരളത്തില്‍ പ്രചരിച്ചിട്ടുണ്ട്.
തഫ്ഹീമില്‍ മൌദൂദി സാഹിബ് ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു നല്‍കിയ ഉര്‍ദു തര്‍ജമ- വ്യാഖ്യാനമില്ലാതെ- പൂര്‍ണമായി മലയാളത്തില്‍ മൊഴിമാറ്റി 'ഖുര്‍ആന്‍ഭാഷ്യം' എന്ന പേരില്‍ ഒറ്റവാള്യമായി 1988-ല്‍ ഐ.പി.എച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.സി അബ്ദുല്ല മൌലവിയുടെ മേല്‍നോട്ടത്തില്‍ ടി.കെ ഉബൈദാണ് ഈ മൊഴിമാറ്റം നിര്‍വഹിച്ചത്. ഭാഷാപരമായ ഒട്ടേറെ പരിഷ്കരണങ്ങളോടെയാണ് 2007-ല്‍ ഇതിന്റെ 15-ാം പതിപ്പ് പുറത്തിറങ്ങിയത്. ഇതുവരെയായി 16 പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. വ്യാഖ്യാന സഹിതമുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇതിനകം ഒന്നാംവാള്യം 16-ഉം രണ്ടാം വാള്യം 11ഉം മൂന്നാം വാള്യം 8ഉം നാലാംവാള്യം 10ഉം അഞ്ചാംവാള്യം 9ഉം ആറാംവാള്യം 8ഉം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

2008 ഒക്ടോബര്‍ 24 ന് തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാള പരിഭാഷയുടെ മുഴുവന്‍ വാല്യങ്ങളും ഉള്‍കൊള്ളുന്ന ഡിജിറ്റല്‍ എഡിഷന്‍ പുറത്തിറങ്ങി. സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റല്‍ എഡിഷന്‍ പ്രശസ്തരായ മൂന്ന് ഹാഫിളുകളുടെ ഖിറാഅത്തും ഉള്‍കൊള്ളുന്നതാണ്. തഫ്ഹീമില്‍ നിന്ന് ആവശ്യമായ വിവരങ്ങളും ഭാഗങ്ങളും അനായാസം സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. മൗദുദി സാഹിബ് സൂചിപ്പിക്കുകയോ ഭാഗികമായി ഉദ്ധരിക്കുകയോ ചെയ്ത ഹദീസുകളുടെ മൂലം പൂര്‍ണരൂപത്തില്‍ കൊടുത്തിരിക്കുന്നു. ഡിജിറ്റല്‍ എഡിഷന്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

മുന്‍ചൊന്ന അഭിവന്ദ്യ വ്യക്തിത്വങ്ങള്‍ക്കു പുറമെ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഭാഷയിലും പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പങ്കുഹിച്ച പണ്ഡിതന്മാരും ദീനീ പ്രവര്‍ത്തകരും ഒട്ടേറെയാണ്. ബഹുമാന്യരായ എം.വി മുഹമ്മദ്സലീം,മര്‍ഹൂം.വി.എ ശംസുദ്ധീന്‍, വി.എ കബീര്‍, എ. മുഹമ്മദലി,ഐ.പി.എച്ചിന്റെ ആദ്യകാല സാരഥി സയ്യിദ് അബ്ദുല്‍ അഹദ്, പില്‍ക്കാല ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അദ്ദേഹത്തിന്റെ അസിസ്റന്റായിരുന്ന കെ.ടി.എം.എ സലാം,ഇപ്പോഴത്തെ അസി.ഡയരക്ടര്‍ പി.പി. അബ്ദുറഹ്മാന്‍,പബ്ളിക്കേഷന്‍ അസിസ്റന്റുമാരായ അസീസ് ചെറുകുളമ്പ്, സലീം മുണ്ടുമുഴി,സി.പി. ജൌഹര്‍ ആദ്യകാല മാനേജര്‍ കെ.അബൂബക്കര്‍, ഇപ്പോഴത്തെ മാനേജര്‍ എ.പി മൂസക്കോയ, പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയും സ്റ്റാഫ്‌ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പ്രത്യേകം അനുസ്മരണീയരാകുന്നു. ഡിജിറ്റല്‍ എഡിഷന്റെ അമരക്കാരായ വി.കെ അബ്ദു, കെ.എ നാസര്‍ എന്നിവരും അവരുടെ സഹപ്രവര്‍ത്തകരായ ഐ.ടി വിദഗ്ധരും അര്‍പ്പിച്ച സേവനവും വിലമതിക്കാനാവാത്തതാണ്. ഈ ഓണ്‍ലൈന്‍ എഡിഷന്‍ തയ്യാറാക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരുടേയും പ്രവര്‍ത്തനങ്ങള്‍ ഏറെവിലപ്പെട്ടതാണ്.
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നുകൊണ്ട് മാനവകുലത്തിന് കാരുണ്യം ചൊരിഞ്ഞ അല്ലാഹു അവന്റെ വചനങ്ങളുടെ പ്രചാരണ മാര്‍ഗത്തില്‍ സേവനമര്‍പ്പിച്ച എല്ലാവരെയും അവന്റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും അര്‍ഹമായ കര്‍മഫലമരുളി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.

ടി.കെ ഉബൈദ്
വെള്ളിമാട്കുന്ന്
25.02.2010